കമ്മീഷന്‍ ശുപാര്‍ശചെയ്ത കുറഞ്ഞ അടിസ്ഥാനശമ്പളത്തില്‍ 500 രൂപ കുറവുവരുത്തി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം നടപ്പാക്കും. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും.
കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനുപകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക.
സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും.
കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി.