ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സ്വപ്നം പൂവണിയുന്നു

ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (IRNSS) ഏഴു സാറ്റലൈറ്റുകളും ഈ വര്‍ഷം മാര്‍ച്ചോടെ ഭ്രമണപഥത്തിലെത്തുമെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് അധികൃതര്‍ അറിയിച്ചു. തുടക്കമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ജനുവരി 20 ന് IRNSS1E വിക്ഷേപണത്തിനു തയ്യാറായി. ഇതിനു മുന്‍പേ നാലു സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിരുന്നു.
ഐഎസ്ആര്‍ഓയുടെ സഹകരണത്തോടെ ചെയ്യുന്ന സാറ്റലൈറ്റുകളില്‍ യുഎസ് നിര്‍മ്മിത ജിപിഎസ് സേവനം കൂടി ഉപയോഗപ്പെടുത്തും. 1F, 1G സാറ്റലൈറ്റുകളുടെ നിര്‍മ്മാണം ഇപ്പോള്‍ ബെംഗളൂര് സാറ്റലൈറ്റ് സെന്ററില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നിക്ഷേപിച്ച നാലു സാറ്റലൈറ്റുകളുടെയും പ്രവര്‍ത്തനത്തിന് കൂടുതല്‍ കൃത്യത നല്‍കുന്നതിനായാണ് വിക്ഷേപണത്തിനു തയ്യാറെടുക്കുന്ന മൂന്നു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കുന്നത്.
ബഹിരാകാശപഠനത്തിന്റെ പുരോഗതിക്കായുള്ള വിവിധ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി ഒരു സ്പേസ് പാര്‍ക്കും ഉടനെ തയ്യാറാവുന്നുണ്ട്. ബെംഗളൂരില്‍ നൂറേക്കറില്‍ തയ്യാറാവുന്ന ഈ പാര്‍ക്കില്‍ സ്വകാര്യവ്യക്തികള്‍ക്കു കൂടി പഠനങ്ങള്‍ നടത്താനുള്ള സൗകര്യം ഉണ്ടാവുമെന്ന് ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം. അണ്ണാദുരൈ അറിയിച്ചു.
ബഹിരാകാശഗവേഷണരംഗത്ത് ഇന്ത്യയുടെ പൊന്തൂവലുകള് കൂടി വരികയാണ്. ചെലവുകുറഞ്ഞ മാര്‍സ് ഓര്‍ബിറ്റര്‍ മെഷീന് (MOM) 2014 ല്‍ ഇന്ത്യ ചൊവ്വയുടെ സമീപഭ്രമണപഥത്തില് എത്തിച്ചിരുന്നു. ഇതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മൂല്യം കുത്തനെ ഉയര്‍ന്നു.
വിവിധ വിദേശ രാജ്യങ്ങളുടെ 30-ൽ അധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഓർഡർ ഐഎസ്ആർഒയ്ക്ക് ലഭിച്ചതായി ചെയര്മാന് എ.എസ്.കിരണ്‍ കുമാര്‍. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ഏഴെട്ടു രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകളാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്പ്പറേഷന് ലഭിച്ചത്. ബഹിരാകാശ സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐഎസ്ആര്‍ഒ യുടെ പദ്ധതിക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ ഭാഗമാണിത്.
ബഹിരാകാശ ഗവേഷണ രംഗത്ത് വിജയക്കൊടി പാറിച്ച് മുന്നേറുന്ന ഐഎസ്ആർഒയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാവുകയാണ് ഈ നേട്ടം. കഴിഞ്ഞ ദിവസം ആറ് സിംഗപ്പൂർ ഉപഗ്രഹങ്ങളെ ഇന്ത്യയുടെ പിഎസ്എൽവി-സി 29 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഈ വർഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി – സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യ വിക്ഷേപിച്ച ആകെ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണമാകട്ടെ 57 ൽ എത്തി.
ഇക്കഴിഞ്ഞ ജൂലൈയിൽ അഞ്ചു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി28 വിജയകരമായി വിക്ഷേപിച്ചിരുന്നു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു രാത്രി 9.58ന് ആയിരുന്നു വിക്ഷേപണം. 19 മിനിറ്റും 16 സെക്കൻഡും കഴിഞ്ഞപ്പോൾ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി. ഐഎസ്ആർഒ ഏറ്റെടുത്ത ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്; പിഎസ്എൽവിയുടെ 30–ാമത്തെ ദൗത്യവും.
ഇന്ത്യയുടെ അടുത്ത ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ഗവേഷണ വിഭാഗം പഠനം നടത്തിവരികയാണെന്നും കിരൺ കുമാർ അറിയിച്ചു. ജയ്പൂരില്‍ ഇന്ത്യൻ സൊസൈറ്റി ഓഫ് ജിയോമാറ്റിക്സും ജെകെ ലക്ഷ്മിപത് സർവകലാശാലയിലെ ഇന്ത്യൻ സൊസൈറ്റി ഓഫി റിമോട്ട് സെൻസിങ്ങ് വിഭാഗവും ചേർന്ന സംഘടിപ്പിച്ച ‘ജിയോമാറ്റിക്സ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ’ എന്ന സിംപോസിയത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




