ചെന്നൈ: ഇരട്ട പെനൽറ്റി ഗോളിൽ ചെന്നൈയിൻ എഫ്‌.സിയെ തുരത്തി എഫ്‌.സി. ഗോവ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ പോയിന്റ്‌ നിലയിൽ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ്‌ ചെന്നൈയിന്റെ വിധിനിർണയിച്ച രണ്ടു ഗോളുകളും പിറന്നത്‌.
അനുകൂലമായ രണ്ടു പെനാൽറ്റികൾക്ക്‌ സ്‌പോട്ടിൽ നിന്നു കിക്കെടുത്ത ലിയോ മൗറയും(64-ാം മിനിറ്റ്‌) ജൊനാഥൻ ലൂക്കയും(78-ാം മിനിറ്റ്‌) ലക്ഷ്യം കണ്ടതോടെ ഹോം മൈതാനത്ത്‌ ചെന്നൈയിന്‌ തോൽവി സമ്മതിക്കേണ്ടി വന്നു. ചെന്നൈയിൻ ടീം ഉടമ അഭിഷേക്‌ ബച്ചനെയും പിന്തുണയുമായെത്തിയ ഇന്ത്യൻ ടീം നായകൻ മഹേന്ദ്ര സിങ്‌ ധോണിയെയും സാക്ഷി നിർത്തിയായിരുന്നു ഗോവയുടെ ജയം.
അതിനിടെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഗോവൻ താരം ലിയോ മൗറയെ അപകടകരമായ വിധത്തിൽ ഫൗൾ ചെയ്‌ത ചെന്നൈയിന്റെ ഇന്ത്യൻ താരം ഖബ്ര ചുവപ്പുകാർഡ്‌ കണ്ടു പുറത്തുപോയതും ചെന്നൈയിന്‌ നാണക്കേടുണ്ടാക്കി. ടൂർണമെന്റിൽ ഇതു രണ്ടാം തവണയാണ്‌ ഖബ്ര ചുവപ്പ്‌ കാണുന്നത്‌.
വിരസമായ ആദ്യപകുതിക്ക്‌ ശേഷമായിരുന്നു ഗോളുകൾ പിറന്നത്‌.
64-ാം മിനിറ്റിൽ ചെന്നൈയിൻ ബോക്‌സിനുള്ളിൽ റാഫേൽ കൊയിലോയെ ബെർണാഡ്‌ മെൻഡി വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത മൗറ പന്ത്‌ ചെന്നൈയിൻ വലയിലാക്കി. സ്‌കോർ 1-0. പതിന്നാലു മിനിറ്റിനുള്ളിൽ മലയാളി റഫറി സന്തോഷ്‌ കുമാർ വീണ്ടും സ്‌പോട്ട്‌ കിക്ക്‌ വിധിച്ചു.
ചെന്നൈയിൻ ബോക്‌സിനുള്ളിൽ ഷോട്ടുതിർത്ത കൊയിലോയെ തടയാൻ പന്തിൽ ‘കൈ’ പ്രയോഗിച്ച മെഹ്‌റാജുദീൻ വാഡുവാണ്‌ പ്രതി. ഇക്കുറി കിക്കെടുത്ത ജൊനാഥൻ ലൂക്കയും ലക്ഷ്യം കണ്ടു. സ്‌കോർ 2-0.
89ാം മിനിറ്റിലായിരുന്നു ഹർമൻജോത്‌ സിങ്‌ ഖബ്രയുടെ രണ്ടാം ചുവപ്പു കാർഡ്‌. ഗോളിന്‌ മുന്നിൽ ഷോട്ടിന്‌ ശ്രമിച്ച ലിയോ മൗറയെ തടയാനുള്ള ശ്രമത്തിനിടെ ഓടിയെത്തിയ ഖബ്ര അപകടകരമായ വിധത്തിൽ മൗറയെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.