മന് റം അഥവാ ഗ്രാമീണ ഭരണകൂടം

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന് റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന് റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന് റം ആണ് മലയാളത്തില്‍ മന്നമായത്. ‘തറവാടി’ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.
സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന് റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോട്ടവകാശമുള്ള ജനാധിപത്യ സ്ഥാപനമായി കാണാമെങ്കിലും തമിഴകത്തെ ‘പൊതുവില്‍’ പോലെ പൊതു ഇടമായിരുന്നില്ല.
1907ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് റോയല്‍ കമ്മീഷന് ഫോര്‍ ഡീ സെന്‍ട്രലൈസേഷന്‍ രൂപവത്കരിക്കുകയും കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച് 1911ല്‍ തദ്ദേശസ്വയംഭരണത്തിന് പരിമിതമായ അധികാരമുള്ള സമിതികളുടെ തിരഞ്ഞെടുപ്പിനായി നിയമം കൊണ്ടുവരികയുമുണ്ടായി. നികുതി കൊടുക്കുന്നവര്‍ക്കുമാത്രം വോട്ടവകാശമുള്ള സംവിധാനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഭൂമിയില്ല, അതിനാല്‍ നികുതിയുമില്ല എന്നതിനാല്‍ തിരഞ്ഞെടുപ്പവകാശത്തിനു പുറത്തായിരുന്നു. ജുഡീഷ്യല്‍ അധികാരമുള്ള വില്ലേജ് പഞ്ചായത്തുകളും പഞ്ചായത്ത് കോടതികളും സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ നിലവില്‍ വന്നെങ്കിലും ജന്മിമാര്‍ക്കും ഭൂവുടമകള്‍ക്കും മാത്രമായിരുന്നു പങ്കാളിത്തം. കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് കോടതിയുടെ പ്രസിഡന്റായിരുന്ന എ.സി.കണ്ണന് നായര്‍ പ്രസിഡന്റ് സ്ഥാനം 1925ല്‍ രാജിവെച്ചാണ് സ്വാതന്ത്ര്യ പോരാട്ടത്തിന് നേതൃത്വം നല്കാനിറങ്ങിയത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 71ഉം 72ഉം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമം കൊണ്ടുവരികയും നരസിംഹറാവു ഭരണത്തില്‍ 73ാം ഭരണഘടനാ ഭേദഗതിയിലൂടെ വ്യക്തതവരുത്തുകയും ചെയ്താണ് വിപുലമായ അധികാരാവകാശങ്ങളുള്ള പ്രാദേശിക സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. ഗ്രാമസഭ വന്നത് അപ്പോള്‍ മുതല്‍ മാത്രമാണ്. ഗ്രാമസഭകള്‍ ഇന്നും കാട്ടിക്കൂട്ടി ഒപ്പിക്കലാണ് പലേടത്തും. കുറഞ്ഞ പങ്കാളിത്തവും പ്രായോഗികമായി അധികാരങ്ങളൊന്നുമില്ലായ്മയുമൊക്കെ ഗ്രാമസഭയുടെ ന്യൂനതകളായി നില്‍ക്കുകയാണ്. സംഘകാലത്ത് നിലവിലുണ്ടായിരുന്നതായി സംഘസാഹിത്യമായ എട്ടുത്തൊകൈ (അകനാനൂറ്, പുറനാനൂറ്, കലിത്തൊകൈ, കുറുന്തൊകൈ, നറ്റിണൈ, ഐങ്കുറുനൂറ്, പരിപാടല്‍, പതിറ്റുപ്പത്ത്) കൃതികളും തൊല്ക്കാപ്പിയം, ഇറൈയനാര്‍ അകപ്പൊരുള്‍, മധുരൈ കാഞ്ചി എന്നീ സംഘസാഹിത്യ ചരിത്ര ലക്ഷണ ഗ്രന്ഥങ്ങളും തെളിവ് നല്കുന്ന ഗ്രാമസഭകളായ മന്റങ്ങള്‍ ഇന്നത്തെ ഗ്രാമസഭകളേക്കാള് എത്രയോ ഉദാത്തമായിരുന്നു.
അയോയുഗമെന്നോ മഹാശിലായുഗമെന്നോ പറയാവുന്ന എ.ഡി. ആദ്യശതകങ്ങളിലെ കേരളത്തില്‍ നിലനിന്നിരുന്ന മന്റങ്ങള്‍ ആധുനിക തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളേക്കാളും പ്രതിച്ഛായയോടെയാണ് ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. പൊതുഇടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പൊതുഇടത്തിന്റേതായ ഉജ്ജ്വലമായ സംസ്കാരമാണ് സംഘകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നതെന്നും ആ പൊതു ഇടത്തിലെ സാംസ്കാരിക വിനിമയങ്ങളുടെ തുടര്‍ച്ചയാണ് ആധുനിക കേരള സംസ്കാരത്തിലും വലിയൊരളവോളം തുടര്‍ന്നിരുന്നതെന്നും ഓര്‍ക്കുന്നത് പ്രസക്തമാണ്.
സംഘകാലത്ത് ‘മുവേന്ത’രാണ് അഥവാ ചേരചോളപാണ്ഡ്യന്മാരാണ് തമിഴകത്തിന്റെ ഭരണം കൈയാളിയിരുന്നത്. തൊട്ടുതാഴെ കുറുനിലമന്നന്മാര്. കുറുനിലമന്നന്മാര്ക്ക് നിയമനിര്മാണാധികാരമുണ്ടായിരുന്നില്ല. തറകളും തറകള്‍ ചേര്‍ന്ന് നാടുകളും കൂട്ടങ്ങളും മണ്ഡലങ്ങളും ചേര്‍ന്ന് അധികാര വികേന്ദ്രീകരണത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഏറ്റവും താഴത്തെ ഘടകമായ മന്റമാണ് ഗ്രാമീണ പൊതു അസംബ്ലി. അതിനുമേലെ തറക്കൂട്ടങ്ങള്‍ തര്‍ക്കപരിഹാരത്തിനും ക്ഷേമകാര്യങ്ങള്‍ക്കുമായി നിലകൊണ്ടു.
ജൈനമതത്തില്പ്പെട്ടവരും ബുദ്ധമതത്തില്പ്പെട്ടവരും ബ്രാഹ്മണരും അന്ന് കേരളത്തില്‍ (പില്ക്കാലത്ത് കേരളമായി രൂപം പ്രാപിച്ച ഭൂവിഭാഗം) എത്തിയിരുന്നെങ്കിലും മതത്തിന് ഭരണത്തിലോ പൊതുജീവിതത്തിലോ സ്വാധീനമുണ്ടായിരുന്നില്ല. 80 ശതമാനം പേരും മതത്തിന് പുറത്ത്. ഗ്രാമഭരദേവതയായി, ഉര്വരതാദേവതയായി കൊറ്റവൈയെയും മറ്റും ആരാധിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഹിന്ദുമതം ഈ മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നില്ല. ബ്രാഹ്മണര്‍ക്ക് ചാതുര്‍വര്‍ണ്യം പ്രചരിപ്പിച്ച് വിജയിപ്പിച്ചെടുക്കാനായിരുന്നില്ല. ശിവനും മുരുകനും വിഷ്ണുവും ആരാധിക്കപ്പെട്ടുവന്നിരുന്നെങ്കിലും മതത്തിന്റെ ദൃഢരൂപം യാഥാര്ഥ്യമായിക്കഴിഞ്ഞിരുന്നില്ല. (തുടരും..)




