ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്‌ ഈമാസംതന്നെ വിപണിയിലെത്തുമെന്ന്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബഹുരാഷ്‌ട്ര കമ്പനിയായ നെസ്‌ലെ. മാഗി നൂഡില്‍സ്‌ ആരോഗ്യത്തിനു ഹാനികരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ലാബ്‌ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതായി നെസ്‌ലെ വ്യക്‌തമാക്കി. കര്‍ണാടകയിലെ നഞ്ചന്‍ഗുഡ്‌, പഞ്ചാബിലെ മോഗ, ഗോവയിലെ ബിചോലിം എന്നീ പ്ലാന്റുകളില്‍ തയാറാക്കിയ പുതിയ മാഗി നൂഡില്‍സ്‌ സാമ്പിളുകള്‍ രാജ്യത്തെ ദേശീയ അക്രഡിറ്റേഷനുള്ള മൂന്ന്‌ ലാബുകളില്‍ പരിശോധിച്ചതായി നെസ്‌ലെ അധികൃതര്‍ പറഞ്ഞു.
മാഗി നൂഡില്‍സ്‌ ഭക്ഷ്യ സുരക്ഷ തെളിയിക്കണമെന്നു മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാഗി നൂഡില്‍സ്‌ വിലക്കിയ സംസ്‌ഥാനങ്ങളുമായി ചര്‍ച്ച തുടങ്ങുമെന്ന്‌ നെസ്‌ലെ ഇന്ത്യ വ്യക്‌തമാക്കി.
മാഗിയുടെ ആറ്‌ വ്യത്യസ്‌ത രുചികളിലുള്ള 90 സാമ്പിളുകളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതായി പരിശോധന ഫലം ലഭിച്ചെന്ന്‌ നെസ്‌ലെ അവകാശപ്പെട്ടു. കഴിഞ്ഞ ജൂണിലാണ്‌ മാഗി നൂഡില്‍സില്‍ ഈയത്തിന്റെ അളവ്‌ കൂടുതലാണെന്നു കണ്ടു നിരോധിച്ചത്‌. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഹൈക്കോടതി നിരോധനം താല്‍ക്കാലികമായി നീക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച്‌ ഈയത്തിന്റെ അംശംകൂടുതലില്ലെന്ന്‌ തെളിഞ്ഞാല്‍ മാഗി വില്‌പനനടത്താന്‍ അനുവദിക്കാമെന്ന വ്യവസ്‌ഥയോടെയാണ്‌ നിരോധനം നീക്കിയത്‌.
ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്‌ നെസ്‌ലെ. രാജ്യാന്തര അംഗീകാരമുള്ള ലാബോറട്ടറികളിലായി 3,500 പരിശോധനകള്‍ നടത്തിയ ശേഷമാണു മാഗി നൂഡില്‍സ്‌ വിപണിയിലേക്കു തിരിച്ചുവരുന്നത്‌. ഇന്ത്യയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന മാഗി നൂഡില്‍സ്‌ ഭക്ഷ്യയോഗ്യമാണെന്ന്‌ യു.എസ്‌.എ., ബ്രിട്ടന്‍, സിംഗപ്പുര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചതായി നെസ്‌ലെ അവകാശപ്പെട്ടു.