വോട്ടെണ്ണല്‍ ഇന്ന്; ജില്ലയില്‍ 16 കേന്ദ്രങ്ങള്‍

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളില്‍ ബ്ളോക്കുതല വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതതു സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാകും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ബ്ളോക്കുതല വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരുമാണ് സജ്ജീകരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനേയും മാധ്യമങ്ങളേയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തി. വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കൗണ്ടിങ് സെന്ററില്‍ ബ്ളോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും നഗരസഭകളിലെ കൗണ്ടിങ് സെന്ററുകളിലും ഡാറ്റാ അപി ലോഡിങ് സെന്ററിനുവേണ്ടി പ്രത്യേകം മുറി സജ്ജമാക്കി. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാകും കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. വോട്ടെണ്ണല്‍ ഒന്നാം വാര്‍ഡു മുതല്‍ എന്ന ക്രമത്തിലാകും ആരംഭിക്കുക. ജില്ലയില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്.




