ലണ്ടന്: പ്രമുഖ രാഷ്ട്രനേതാക്കളുടെ പട്ടികയില് ഇടംപിടിച്ച നരേന്ദ്ര മോദി ലണ്ടനിലെ വാക്സ് മ്യൂസിയത്തിലും സാന്നിദ്ധ്യമുറപ്പിച്ചു. നരേന്ദ്രമോദിയുടെ പൂര്ണ്ണകായ മെഴുകു പ്രതിമയാണ് ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തില് ഒരുങ്ങിക്കഴിഞ്ഞിട്ടുള്ളത്. സിങ്കപ്പൂര്, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലും പ്രതിമകള് ഇതോടൊപ്പം പ്രദര്ശിപ്പിക്കും. ക്രീം നിറത്തിലുള്ള കുര്ത്തയും കറുപ്പ് നിറത്തിലുള്ള നെഹ്റു ജാക്കറ്റുമണിഞ്ഞാണ് മോദി മ്യൂസിയത്തിലെത്തുന്ന സന്ദര്ശകരെ വരവേല്ക്കുക. ഈ പ്രതിമ ഡല്ഹിയിലും പ്രദര്ശിപ്പിക്കും.
മോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മെഴുകു പ്രതിമയുടെ തുടക്കം മുതല് ഒടുക്കം വരെയുള്ള നിര്മ്മാണ പ്രവൃത്തികള് നടന്നത്. എന്റെ ജനങ്ങളുടെ പൊതുസേവകനായ എന്റെ മെഴുകു പ്രതിമ നേരില്ക്കാണാനുള്ള ഭാഗ്യം സിദ്ധിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ്, അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്, ദക്ഷിണാഫ്രിക്കയുടെ വിപ്ലവ നായകന് നെല്സണ് മണ്ഡേല എന്നിവര്ക്കൊപ്പമാണ് ഇനിമുതല് ലണ്ടന് മ്യൂസിയത്തില് മോദിയുടെ സ്ഥാനം.
മോദിക്ക് പുറമേ ഇന്ത്യക്കാരായ ഐശ്വര്യ റായ് ബച്ചന്, അമിതാഭ് ബച്ചന്, മാധുരീ ദീക്ഷിത്, സല്മാന് ഖാന്, കത്രീന കൈഫ് എന്നിവരും മെഴുകുപ്രതിമയായി തുസാഡ്സില് ഇടംപിടിച്ചിട്ടുണ്ട്