മലബാര്‍ സിമെന്റ്സ് : സിമെന്റില്‍ ഫ്ളൈആഷ് ചേര്‍ത്ത സംഭവം: ഹൈക്കോടതി വിശദീകരണം തേടി

പാലക്കാട് : സിമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്നു വാങ്ങിയ സിമെന്റില്‍ മലബാര്‍ സിമെന്റ്സ് ഫ്ളൈആഷ് ചേര്‍ത്തു വിറ്റ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കമ്പനിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കു തടയിടാന്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിലൂടെയാണ് സിമെന്റില്‍ ഫ്ളൈആഷ് ചേര്‍ത്തു വിറ്റത് പുറത്തറിഞ്ഞത്. മായം ചേര്‍ത്ത സിമെന്റ് വിറ്റെന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
സിമെന്റ് വാങ്ങി വില്ക്കാന് നടത്തിയ നീക്കം കമ്പനിക്കു നഷ്ടം വരുത്തിയതായി സൂചനയുണ്ട്. 2015 മാര്‍ച്ച് 23 ലെ പര്‍ച്ചേസ് ഓര്‍ഡര്‍(നമ്പര്‍: 83896) പ്രകാരം തൊട്ടടുത്ത മാസം സി.സി.ഐയില്‍ നിന്നും 51,588 ബാഗ് സിമെന്റാണ് ഇറക്കിയത്. ബാഗ് ഒന്നിന് അടിസ്ഥാനവിലയായ 230 രൂപയ്ക്ക് പുറമെ രണ്ടു ശതമാനം വില്‍പ്പന നികുതിയായി 4.60 രൂപ, 8.75 ശതമാനം എക്സൈസ് ഡ്യൂട്ടിയായി 20.12 രൂപ, സെസ് ആയി 3.60 രൂപ, ആന്ധ്രയിലെ ഠാണ്ഡൂരില് നിന്നുള്ള കടത്തുകൂലി 105 രൂപയും ചേര്‍ത്ത് ആകെ 363.32 രൂപ വരും.
ഈ സിമെന്റ് ആലുവയില്‍ ഇറക്കി ട്രക്കുകളില്‍ കയറ്റാന്‍ ബാഗൊന്നിന് പത്തു രൂപയോളമാണ് ചെലവ്. ഗോഡൗണിലെ ഇറക്കുകൂലിയായി അഞ്ചു രൂപയും ചേര്‍ത്ത് ബാഗിന് 378.32 രൂപ. വെയര്‍ഹൗസ് വാടക, വിപണനം ചെയ്യുന്നതിനുള്ള ചെലവുകള്‍, ഗോഡൗണില്‍ നിന്നു ട്രക്കുകളില്‍ കയറ്റാനുള്ള ചെലവ്, സ്റ്റോക്കിസ്റ്റുകള്‍ക്ക് എത്തിക്കാനുള്ള വാഹന വാടക എന്നിവയെല്ലാം ചേര്‍ത്ത് 15 മുതല്‍ 20 രൂപ വരെയുള്ള ചെലവും കൂടിയാവുമ്പോള്‍ ബാഗ് ഒന്നിന് ഏകദേശം 400 രൂപയാണ് കമ്പനിക്കു ചെലവായത്.
2015 ഏപ്രിലില്‍ മലബാര്‍ സിമെന്റ്സ് വാളയാര്‍ പ്ലാന്റില്‍ നിന്നു സിമെന്റ് വിറ്റിത് എല്ലാ നികുതികളും ഉള്‍പ്പെടെ ബാഗിന് 362 രൂപയ്ക്കാണ്. സി.സി.ഐയില്‍ നിന്നും വാങ്ങിയ സിമെന്റ് കഞ്ചിക്കോട്ടെ സ്വകാര്യ സിമെന്റ് കമ്പനിക്ക് വിറ്റത് ബാഗിന് 300 രൂപയ്ക്കും. 400 ബാഗ് സിമെന്റ് 14.5 ശതമാനം വില്‍പ്പന നികുതി ഉള്‍പ്പെടെ 1,19,999 രൂപയ്ക്കാണു വിറ്റത്. അടിസ്ഥാനവില ബാഗിന് 262 രൂപയെന്ന് ചുരുക്കം. ബാഗ് ഒന്നിന് നഷ്ടം 116 രൂപ!
ഇറക്കിയ 51588 ബാഗില്‍ വെയര്‍ഹൗസിങ് കോര്പ്പറേഷന് 3475, പമ്പാവാലി പദ്ധതിക്കുവേണ്ടി ഇറിഗേഷന്‍ വകുപ്പ് 515, പെരിയാര്‍വാലി പദ്ധതിക്കായി 3800 ഉള്‍പ്പെടെ ആകെ 7790 ബാഗ് വിറ്റു. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന് കോര്പ്പറേഷന് 2200 ബാഗ് വാങ്ങിയെങ്കിലും കട്ട പിടിച്ചതായി കാണിച്ച് 1400 ബാഗ് തിരിച്ചയച്ചു.
ഈ വില്‍പ്പനകള്‍ക്കു ശേഷം ബാക്കി വന്ന സിമെന്റാണ് ഫ്ളൈആഷ് ചേര്‍ത്തു വിറ്റത്. പെരിങ്ങോട്ട് ഏജന്‍സീസില്‍ നിന്ന് 26537 ബാഗും വെയര്‍ഹൗസിങ് കോര്പ്പറേഷന് ഗോഡൗണില്‍ നിന്ന് 4550 ബാഗും റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നു നേരിട്ട് മടക്കിയ 800 ബാഗും ചേര്‍ത്തല ഗ്രൈന്‍ഡിങ് യൂണിറ്റിലെത്തിയതായാണു വിവരം.
ബാക്കിയുള്ള സിമെന്റ് ആലുവ ഗോഡൗണില്‍ നിന്ന് 200 മുതല്‍ 400 ബാഗുവരെയാക്കി ചേര്‍ത്തലയിലേക്കു മാറ്റുകയാണ്. സി.സി.ഐയില്‍നിന്നുള്ള സിമെന്റ് ഗോഡൗണില്‍ എത്തുമ്പോഴുള്ള 378 രൂപയ്ക്ക് പുറമെ അത് ചേര്‍ത്തലയിലേക്ക് മാറ്റുമ്പോള്‍ വരുന്ന ചെലുകളും ചേര്‍ത്ത് ബാഗിന് 403.87 രൂപ വരും.
ഈ സിമെന്റ് പ്രോസസ് ചെയ്യുന്നതിനുള്ള ചെലവ് പുറമെയാണ്. ഇപ്പോള്‍ കമ്പനി സിമെന്റ് വില്‍ക്കുന്നത് ബാഗിന് 400 രൂപ നിരക്കിലാണ്. നികുതി കഴിച്ച് അടിസ്ഥാനവില 278.57 രൂപ. സിമെന്റില്‍ ഫ്ളൈആഷ് ചേര്‍ത്തു വിറ്റ സിമെന്റ് പൊതുമേഖലാ സ്ഥാപനങ്ങളും വാങ്ങിയതായാണ് സൂചന. ആലപ്പി കോ-ഓപ്പ് സ്പിന്നിങ് മില്‍ 80 ടണ്ണും ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് 15 ടണ്ണും.




