തിളക്കം മങ്ങാതെ മലയാള സിനിമ

മലയാള സിനിമ സര്‍ഗാത്മക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിച്ച ജൂറി അഭിപ്രായപ്പെട്ടത്. ലോകത്തെമ്പാടും സിനിമ മാറുമ്പോള്‍ നമ്മുടെ സിനിമകള്‍ മാറ്റത്തോടു പുറംതിരിഞ്ഞു നില്ക്കുന്നുവെന്നു ജൂറി വിലയിരുത്തുകയുണ്ടായി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും ഏറെ പരിശ്രമിക്കണം മലയാള സിനിമ എന്ന അഭിപ്രായം ക്രിയാത്മകമായെടുക്കാം നമുക്ക്. അപ്പോഴും ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന്റെ തിളക്കം മങ്ങിയിട്ടില്ലെന്ന് അഭിമാനിക്കുകയും ചെയ്യാം. അറുപത്തിമൂന്നാമതു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാസൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം നേടിയതടക്കം ബഹുമതികള്‍ പലതുണ്ട് കേരളത്തിന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ എട്ടു പുരസ്കാരങ്ങളോടെ തിളങ്ങിയ “ചാര്‍ലി’ നിര്‍ദിഷ്ട സമയത്ത് അപേക്ഷ നല്കാതിരുന്നതിനാല് ദേശീയ അവാര്‍ഡ് നിര്‍ണയത്തിനുള്ള പട്ടികയില്‍ ഇടം പിടിക്കാതിരുന്നിട്ടും മോശമായില്ല മലയാളത്തിന്റെ പ്രകടനം. സംസ്ഥാനതലത്തില്‍ മികച്ച നടനും (ദുല്‍ക്കര്‍ സല്മാന്), മികച്ച നടി(പാര്‍വതി)യും മികച്ച സംവിധായകനും (മാര്ട്ടിന് പ്രക്കാട്ട്), മികച്ച തിരക്കഥാകൃത്തും (ആര്. ഉണ്ണി) അടക്കം പുരസ്കാരങ്ങളാണ് “ചാര്‍ലി’ സ്വന്തമാക്കിയിരുന്നത് എന്നോര്‍ക്കുക.
33 മലയാള ചിത്രങ്ങള്‍ ദേശീയ പുരസ്കാരത്തിനു മത്സരിച്ച് സര്‍വകാല റെക്കോഡിട്ടു എന്നതു തന്നെ ശ്രദ്ധേയം. കഴിഞ്ഞതവണത്തെ പതിമൂന്നില്‍ നിന്നാണ് ഈ ഉയര്‍ച്ച. ഈ മുപ്പത്തിമൂന്നില്‍ പത്തു ചിത്രങ്ങള്‍ അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നു. ദേശീയ പുരസ്കാരങ്ങളില് കേരളത്തോടു മത്സരിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്ന് ഇക്കുറി ഏഴു സിനിമകളായിരുന്നു അവസാന റൗണ്ടില്‍. മൊത്തം അവാര്‍ഡിനെത്തിയ 308 ചിത്രങ്ങള്‍ നാലു പ്രാദേശിക സമിതികള്‍ കണ്ട് തെരഞ്ഞെടുത്തവയാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 35 ചിത്രങ്ങളില്‍ പത്തെണ്ണം മലയാളത്തിലേതായതു ചെറിയ കാര്യമല്ലല്ലോ. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 22 മലയാള ചിത്രങ്ങള്‍ മത്സരിക്കാനുണ്ടായിരുന്നു എന്നുകൂടി കാണണം. വെല്ലുവിളികള്‍ പലതു നേരിടുമ്പോഴും ദേശീയ സിനിമകളോടു മത്സരിക്കുമ്പോള്‍ നിലവാര ദാരിദ്ര്യം വന്നിട്ടില്ല കേരളത്തിനെന്നത് അഭിമാനകരമാണ്. മികച്ച സിനിമാസൗഹൃദ സംസ്ഥാനത്തെ തെരഞ്ഞെടുത്തത് ഇതാദ്യമാണ്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം അവാര്‍ഡ് നിര്‍ണയ സമിതി നിശ്ചയിച്ച ഈ പുരസ്കാരം ലഭിച്ചതു ഗുജറാത്തിന്. പക്ഷേ, പ്രത്യേക പരാമര്‍ശം കൊണ്ട് കേരളത്തിന്റെ സിനിമാസൗഹാര്ദത്തെ അംഗീകരിച്ചു സമിതി.
മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ ജയസൂര്യ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലെ നേട്ടമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡിനു പരിഗണിച്ചപ്പോള്‍ അവസാനഘട്ടത്തില്‍ ദുല്‍ക്കര്‍ സല്‍മാനുമായി ഇഞ്ചോടിഞ്ചു മത്സരിച്ച “മോളിവുഡിന്റെ ഡികാപ്രിയോ’ ദേശീയ അവാര്‍ഡിനു സാക്ഷാല്‍ അമിതാഭ് ബച്ചനുമായാണ് അവസാന ഘട്ടത്തില്‍ മാറ്റുരച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണ നേടി റെക്കോഡിട്ട ബച്ചനുമായി മത്സരിച്ച് പ്രത്യേക പരാമര്‍ശം നേടിയതു കുറവായി കാണേണ്ടതേയില്ല ജയസൂര്യയ്ക്ക്. ഒന്നിലേറെപ്പേരെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ പരിമിതികളുള്ളതുകൊണ്ടാണ് ജയസൂര്യയുടെ മികച്ച അഭിനയം പ്രത്യേക പരാമര്‍ശത്തില്‍ ഒതുങ്ങിയതെന്നു പുരസ്കാര നിര്‍ണയ ജൂറി അധ്യക്ഷന്‍ രമേശ് സിപ്പി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജയസൂര്യയുടെ അഭിനയമികവിനെ തേടി ഇനിയും അംഗീകാരങ്ങള്‍ എത്രയോ എത്താനിരിക്കുന്നു. ഇതിനു മുന്‍പുതന്നെ എത്തേണ്ടതായിരുന്നു എന്നതും മറന്നുകൂടാ. സിനിമയെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്ന ജയസൂര്യയുടെ അഭിനയം കൂടുതല്‍ മികച്ചതാക്കാനുള്ള യാത്ര നേട്ടങ്ങളുടെ പടികള്‍ കയറിക്കൊണ്ടാവട്ടെ.
മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ എം. ജയചന്ദ്രന് മലയാളികളുടെ മുഴുവന്‍ അഭിമാനമാണ്. “എന്നു നിന്റെ മൊയ്തീനി’ലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനം മലയാളക്കര നെഞ്ചേറ്റിയതാണ്. സംഗീതവും സാഹിത്യവും ഭംഗിയായി ഇഴ ചേര്‍ന്ന ഗാനം. സിനിമയില്‍ സംഗീതത്തിന്റെ ഉന്നതസ്ഥാനവും സ്വാധീനവും ഊട്ടിയുറപ്പിക്കുന്നു ജയചന്ദ്രനെപ്പോലുള്ള പ്രതിഭകള്‍. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സലിം അഹമ്മദിന്റെ പത്തേമാരിക്ക് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന അംഗീകാരം തന്നെ. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഗൗരവ് മേനോന് ഇത് ഇരട്ട അംഗീകാരമായി. സംസ്ഥാന അവാര്‍ഡ് വന്നപ്പോള്‍ മികച്ച ബാലനടനായി തെരഞ്ഞെടുക്കപ്പെട്ടതും ഗൗരവ് ആയിരുന്നു. ബെന്‍ എന്ന ചിത്രത്തിലെ ഗൗരവിന്റെ അഭിനയം ദേശീയതലത്തില്‍ എത്തിയിരിക്കുന്നു ഇപ്പോള്‍.
വി.കെ. പ്രകാശിന്റെ “നിര്‍ണായകം’ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായും ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്കൃത സിനിമയായി. “കാമുകി’യിലൂടെ രണ്ടാം തവണയും ദേശീയ പുരസ്കാരം നേടിയ ക്രിസ്റ്റോ ടോമിയുടെ സംവിധാന പ്രതിഭ ഇനിയുമെന്തെന്ത് അതിശയങ്ങള്‍ കാഴ്ചവയ്ക്കാനിരിക്കുന്നു. അമ്മ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊഫ. അലിയാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായതും മലയാളത്തിനു തിളക്കമേറ്റുന്നതായി.




