ന്യൂഡല്‍ഹി: 63-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. മലയാളത്തില്‍നിന്നുള്ള 10 സിനിമകള്‍ അവസാനവട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മൊത്തം 35 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, മികച്ച രചന എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്.
മലയാളത്തില്‍നിന്നുള്ള 33 ചിത്രങ്ങളടക്കം 308 ചിത്രങ്ങളാണ് നാല് പ്രാദേശികസമിതികള്‍ വിവിധ ഘട്ടങ്ങളിലായി വിലയിരുത്തിയത്. ഇതില്‍നിന്നാണ് 35 ചിത്രങ്ങള്‍ ഫീച്ചര്‍വിഭാഗത്തില്‍ അവസാനറൗണ്ടില്‍ എത്തിയത്. ഹിന്ദി ചലച്ചിത്രസംവിധായകന്‍ രമേശ് സിപ്പി ചെയര്‍മാനായ പുരസ്‌കാരനിര്‍ണയസമിതിയില്‍ കേരളത്തില്‍നിന്ന് സംവിധായകന്‍ ശ്യാമപ്രസാദും ഹിന്ദി സിനിമയിലെ മലയാളി സംവിധായകന്‍ ജോണ്‍ മാത്യു മാത്തനും അംഗങ്ങളാണ്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 22 മലയാളചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്.
കേതന്‍ മേത്ത സംവിധാനംചെയ്ത ‘മാഞ്ചി-ദ മൗണ്ടന്‍മാന്‍’ എന്ന ചിത്രം മികച്ച ചിത്രം, മികച്ച നടന്‍ തുടങ്ങിയ പ്രധാന പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നതായി സൂചനയുണ്ട്. ബിഹാറിലെ ഗയയില്‍ മലതുരന്ന് സ്വന്തം പ്രയത്‌നത്താല്‍ റോഡുവെട്ടിയ ദശരഥ് മാഞ്ചിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ധിഖി മികച്ച നടനുള്ള പുരസ്‌കാര പരിഗണനയിലുണ്ട്.
മലയാളത്തില്‍നിന്ന് എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി, സു സു സുധിവല്‍മീകം, ഒഴിവുദിവസത്തെ കളി, കഥാന്തരം, അമീബ, മലേറ്റം തുടങ്ങിയ പത്ത് ചിത്രങ്ങളാണ് അവസാനഘട്ടത്തിലുള്ളത്.
ഇത്തവണ ആദ്യമായി മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരവും പ്രഖ്യാപിക്കുന്നുണ്ട്.