മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഉൾപ്പെട്ട ഒരു അപൂർവ ഗ്രാമത്തിലേക്കായിരുന്നു എന്റെ യാത്ര. 60ാം നമ്പർ ഔറംഗബാദ് ഹൈവേയ്ക്ക് സമീപമുള്ള ഈ ഗ്രാമത്തിന്റെ പേര് സിൻഗ് നപൂർ. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ശനി സിൻഗ്നപൂർ. 160 ഹെക്ടർ വിസ്തീർണ്ണത്തിൽ ഒതുങ്ങുന്ന ഈ ഗ്രാമത്തിൽ ഛത്രപതി ശിവജിയുടെ പിൻമുറക്കാരനായ രണ്ടായിരത്തോളം ആളുകളാണ് താമസിക്കുന്നത്.

ഈ ഗ്രാമത്തിലെ പൊലീസും ജഡ്ജിയും എല്ലാം ഒരാളാണ് എന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. അതു മറ്റാരുമല്ല, സാക്ഷാൽ ശനിദേവൻ തന്നെ. മറ്റൊരു ദൈവത്തേയും ഇവർ ആരാധിക്കുന്നില്ല. സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ ഇവർ ശനിയോട് നന്ദി പറയുന്നു. ദൗർഭാഗ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ, താൻ ചെയ്ത ഏതോ അന്യായത്തിന്റെ ശിക്ഷയാണെന്നു കരുതി സമാധാനിക്കുന്നു! ഒപ്പം സ്വന്തം തെറ്റെന്തായിരുന്നുവെന്ന് കണ്ടെത്തി തിരുത്തുകയും, സ്വന്തം അനുഭവം മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം സൂര്യന്റെയും ഛായാദേവിയുടെയും മകനാണ് ശനി. മറ്റൊരു മകനാണ് യമധർമ്മൻ. തീഷ്ണസ്വഭാവവും കാർക്കശ്യവും ശനിക്ക് ഏറെയുള്ളതായി കരുതപ്പെടുന്നു. ഓരോരുത്തർക്കും സ്വന്തം ചീത്ത പ്രവൃത്തികളുടെ കഠിനശിക്ഷകൾ ശനിയുടെ സ്വാധീനകാലത്ത് അനുഭവിക്കേണ്ടിവരും എന്നാണ് വിശ്വാസം. സൂര്യനു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ ശനിക്ക് മുപ്പതുവർഷം വേണ്ടിവരുന്നതിനാൽ ‘മന്ദൻ’ എന്നൊരു ഇരട്ടപ്പേരുകൂടി കിട്ടിയിട്ടുണ്ട്.

ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ ഗ്രാമത്തിൽ ഇതുവരെ ഒരു പൊലീസ് കേസോ വഴക്കോ പരാതിയോ ഉണ്ടായിട്ടില്ല. മോഷണം പിടിച്ചുപറി എന്നൊക്കെയുള്ള വാക്കുകൾ ഇവർക്കന്യം! ഈ ഗ്രാമത്തിൽ പൂട്ടുകളോ താക്കോലുകളോ ഇല്ല. കതകുകൾ ഇല്ലാത്ത വീടുകൾ,ഷട്ടർ താഴ്ത്താത്ത കടകൾ, സൗമ്യമായി മാത്രം സംസാരിക്കുന്ന ഗ്രാമവാസികൾ.

കാളകൾ കറക്കുന്ന മരച്ചക്കിൽ നിന്നും ഒരു ഗ്ലാസ് കരിമ്പിൻ നീരു കുടിച്ചു. വില അഞ്ചുരൂപ. പത്തുരൂപ നോട്ടുകൊടുത്തു, ബാക്കി അഞ്ച് ടിപ്പ്. ഭാഷയിലെ കുഴപ്പം കൊണ്ടാവാം കടക്കാരൻ ഒരു കോപ്പ കൂടിത്തരാൻ ഒരുങ്ങി. അഞ്ചുരൂപ ടിപ്പാണെന്നു പറഞ്ഞൊപ്പിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. കൂടുതൽ പണം ഞങ്ങൾ വാങ്ങുകയില്ല, ഞാൻ കൃഷി ചെയ്യുന്ന കരിമ്പാണ് ഇത്. കാളയും ചക്കും എന്റേതു തന്നെ. എന്റെ കുടുംബത്തിന് ആവശ്യമുള്ളതിലേറെ പണം ഇപ്പോൾ കിട്ടുന്നുണ്ട്. കൂടുതൽ പണം വാങ്ങിയാൽ എനിക്ക് കാളയ്ക്കും രോഗം വന്ന് ആ പണം ചെലവായിപ്പോകും.” ടിപ്പ് കുറഞ്ഞുപോയാൽ ദുർമുഖം കാട്ടുന്ന സപ്ലയർമാരെയും യാത്രക്കാരെ കൊള്ളയടിക്കുന്ന വഴിവാണിഭക്കാരെയും മാത്രം കണ്ടു ശീലിച്ച മലയാളിക്ക് ഒരു പുതിയ വെളിപാട്!

ശനിദേവനെ ദർശിക്കാനായി ദേവസ്ഥാനത്തേക്ക് നടന്നു. എല്ലാവരും സ്റ്റാളിൽ നിന്ന് പൂജാസാധനങ്ങൾ വാങ്ങുന്നു. ഒരു കിറ്റിന് നൂറുരൂപ. കിറ്റിനുള്ളിൽ തേഞ്ഞ ഒരു കാളലാടം. ഇത് വീടിന്റെ ഗേറ്റിനു മുന്നിൽ സ്ഥാപിച്ചാൽ കള്ളന്മാർക്ക് പ്രവേശിക്കാനാവില്ലത്രെ. ബാങ്കിലും എ.ടി.എംലും ഒക്കെ ഇത്തരം ലാടങ്ങൾ വച്ചാൽ പോരേ? എന്നൊരു നേരമ്പോക്ക് യുക്തി അറിയാതെ തോന്നിയത് അല്പത്തരം തന്നെ. കാരണം വിശ്വാസത്തിന്റെ അന്ധതയല്ല, മറിച്ച് അതിന്റെ പിന്നിലെ ധാർമ്മികതയും സദാചാര ബോധവുമാണ് ഒട്ടും സമ്പന്നരല്ലാത്ത ഈ ഗ്രാമീണരെ ലോകത്തിന്റെ മുഴുവൻ മാതൃകയാവാൻ പ്രാപ്തരാക്കുന്നത്.

മതിലുകൾ റിപ്പയർ ചെയ്യുന്നതിനെ ഇതിവൃത്തമാക്കി അമേരിക്കൻ കവി,റോബർട്ട് ഫ്രോസ്റ്റ് എഴുതിയ ഒരു കവിതയുണ്ട്, മനുഷ്യ നിർമ്മിതമായ ഒരു അതിർവരമ്പും മതിലും പ്രകൃതി ശക്തികളും ഈശ്വരനും ഇഷ്ടപ്പെടുന്നില്ല. ആയതിനാൽ കാലക്രമത്തിൽ ഇവയൊക്കെ നശിച്ചുപോകുന്നു എന്ന് ഫ്രോസ്റ്റ് പ്രതീകാത്മകമായി പറഞ്ഞത് ഈ അവസരത്തിൽ ഓർത്തുപോയി. ഗ്രാമത്തിലെ നാല് നിയമങ്ങൾ ഇങ്ങനെയാണ്.
‘ദൈവമുണ്ട്…ക്ഷേത്രമില്ല
വീടുണ്ട്…കതകുകളില്ല,
വൃക്ഷങ്ങളുണ്ട്…നിഴലുകളില്ല
ഭയമുണ്ട്, ശത്രുക്കളില്ല’
ദേവസ്വം സ്റ്റാളിൽ പുസ്തകങ്ങൾ ഏറെയുണ്ട്. കൂടുതലും ഹിന്ദിയിലും മറാഠിയിലും ഉള്ളവ. മറിച്ചുനോക്കി, വില ചോദിച്ചു. ”അങ്ങ് ആവശ്യമുള്ളവ കൊണ്ടുപോവുക. പണം തികയില്ലെങ്കിൽ നാട്ടിൽ ചെന്ന് മണിയോർഡർ അയച്ചാൽ മതി!” മാനേജരുടെ വിനയാന്വിതമായ വാക്കുകൾ. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ പണം അയച്ചുതരും എന്ന് എന്താണുറപ്പ്?

”തരും സാർ, ഞങ്ങൾ ആരേയും കബളിപ്പിക്കാറില്ല, ആർക്കും ഞങ്ങളെ വഞ്ചിക്കാനും കഴിയില്ല…..”

വിശ്വാസമുണ്ടെങ്കിൽ മലയോട് മാറാൻ പറയുക….ശക്തമായ ആത്മവിശ്വാസത്തിനു മുമ്പിൽ, സ്വന്തം പ്രവൃത്തികളെപ്പറ്റി ഒരു ജനത കാത്തുസൂക്ഷിക്കുന്ന ആത്മാഭിമാനത്തിനു മുമ്പിൽ കൂപ്പുെകൈ.