മുംബൈ ഇന്ത്യന്സ് വിജയ വഴിയില് തിരിച്ചെത്തി.

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്ണമെന്റില് നിലവിലെ ചാമ്പ്യന് മുംബൈ ഇന്ത്യന്സ് വിജയ വഴിയില് തിരിച്ചെത്തി.
ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്സ് തോല്പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയല് ചലഞ്ചേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില് 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മുംബൈ 18 ഓവറില് ലക്ഷ്യം കണ്ടു. കെയ്റോണ് പൊള്ളാര്ഡ് (19 പന്തില് പുറത്താകാതെ 40), നായകന് രോഹിത് ശര്മ (44 പന്തില് 62), അമ്പാട്ടി റായിഡു (23 പന്തില് 31), ജോസ് ബട്ട്ലര് (14 പന്തില് 28) എന്നിവര് ജയത്തില് നിര്ണായകമായി. ട്രാവിസ് ഹെഡ് (24 പന്തില് രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 37), സര്ഫ്രാസ് ഖാന് (18 പന്തില് രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 28) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് റോയല് ചലഞ്ചേഴ്സിന് മികച്ച സ്കോര് നേടിക്കൊടുത്തത്. വാങ്ക്ഡെ സ്റ്റേഡിയത്തില് ആദ്യം ബാറ്റ് ചെയ്ത ടോസ് നേടിയ മുംബൈ ഇന്ത്യന്സ് നായകന് രോഹിത് ശര്മ സന്ദര്ശകരെ ബാറ്റിങ്ങിനു വിട്ടു. റോയല് ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിയും (30 പന്തില് 33) ലോകേഷ് രാഹുലും (14 പന്തില് രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 23) ചേര്ന്ന് ഓപ്പണിങ് വിക്കറ്റില് 32 റണ്ണെടുത്തു. മിച്ചല് മക്ഗ്ലെഹാന്റെ പന്തില് ഹര്ഭജന് സിങ് പിടിച്ചു ലോകേഷ് രാഹുല് പുറത്തായതോടെ ഓപ്പണിങ് സഖ്യം പിരിഞ്ഞു. വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് എ.ബി.ഡിവിലിയേഴ്സ് കോഹ്ലിക്കു കൂട്ടായതോടെ മുംബൈ വിയര്ത്തു. 21 പന്തില് ഒരു സിക്സറും മൂന്ന് ഫോറുമടക്കം 29 റണ്ണെടുത്ത ഡിവിലിയേഴ്സ് മുംബൈ ബൗളര്മാരെ അടിച്ചുതകര്ത്തു. സ്കോര് 91 ല് നില്ക്കേ കോഹ്ലിയെ ടിം സൗത്തിയുടെ കൈയിലെത്തിച്ച് ക്രുനാല് പാണ്ഡ്യ മുംബൈയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. കോഹ്ലി മടങ്ങി വൈകാതെ ഡിവിലിയേഴ്സിനെയും റോയല് ചലഞ്ചേഴ്സിനു നഷ്ടപ്പെട്ടു. ക്രുനാല് പാണ്ഡ്യയുടെ പന്തില് പാര്ഥിവ് പട്ടേല് സ്റ്റമ്പ് ചെയ്താണു ഡിവിലിയേഴ്സ് മടങ്ങിയത്. അവസാന ഓവറുകളില് ട്രാവിസ് ഹെഡും സര്ഫ്രാസ് ഖാനും വെടിക്കെട്ടായത് റോയല് ചലഞ്ചേഴ്സിന് അനുഗ്രഹമായി. ജസ്പ്രീത് ബുംറ 31 റണ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ക്രുനാല് പാണ്ഡ്യ രണ്ട് വിക്കറ്റും മിച്ചല് മക്ഗ്ലെഹാന് ഒരു വിക്കറ്റുമെടുത്തു.




