ഫുട്ബോളില് അതീവ താത്പര്യം പ്രകടിപ്പിക്കുന്ന കിഷോറിന് ഹോളണ്ടില് വിദഗ്ധ പരിശീലനം നല്കാമെന്നാണ് ഹോളണ്ട് ഫുട് ബോള് യൂണിവേഴ്സിറ്റി അധികൃതരുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്

പരവൂര് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇരകള്ക്ക് ലഭിക്കുന്ന സഹായം ആഗോളതലത്തിലാണ്. യൂറോപ്പില് നിന്നുള്ള സഹായവാഗ്ദാനമാണ് ഇരകളായ കുട്ടികളെ തേടിയെത്തിരിക്കുന്നത്. ഫുട്ബോളില് അതീവ താത്പര്യം പ്രകടിപ്പിക്കുന്ന കിഷോറിന് ഹോളണ്ടില് വിദഗ്ധ പരിശീലനം നല്കാമെന്നാണ് ഹോളണ്ട് ഫുട്ബോള് യൂണിവേഴ്സിറ്റി അധികൃതരുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്.
പരവൂര് ദുരന്തം മാതാപിതാക്കളെ തട്ടിയെടുത്തെങ്കിലും കൃഷ്ണയും അനുജന് കിഷോറും ജീവിതത്തില് ഒറ്റയ്ക്കാകുന്നില്ല. കുട്ടികള്ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണയുമായി ദിവസവും നിരവധി പേരാണ് പരവൂരിലെ വീട്ടിലേക്ക് ഓടിയെത്തുന്നത്. പഠനച്ചെലവ് സംസ്ഥാന സര്ക്കാര് വഹിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള് കുട്ടികളുടെ ഒരു വര്ഷത്തേക്കുള്ള വസ്ത്രങ്ങളുടെ ചെലവ് സുമനസുകള് ഏറ്റെടുത്തു കഴിഞ്ഞു.
യൂറോപ്പില് നിന്നുള്ള സഹായവാഗ്ദാനമാണ് ഒടുവില് കുട്ടികളെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയില് സന്ദര്ശനത്തിനെത്തിയിരിക്കുന്ന ഹോളണ്ട് ഫുട്ബോള് യൂണിവേഴ്സിറ്റി അധികൃതര് കഴിഞ്ഞ ദിവസം കുട്ടികളെ കാണാനായി പരവൂരിലെത്തി. ഫുട്ബോളില് കമ്പം പ്രകടിപ്പിക്കുന്ന കിഷോറിന് യൂറോപ്പില് സൗജന്യമായി പരിശീലനവും പഠനസൗകര്യവും ഒരുക്കാമെന്നാണ് ഹോളണ്ട് ഫുട്ബോള് യൂണിവേഴ്സിറ്റി അധികൃതരുടെ വാഗ്ദാനം.
പുറ്റിങ്ങല് ക്ഷേത്രത്തിലെ ഉത്സവത്തില് വഴിക്കച്ചവടം നടത്തവെയാണ് വെടിക്കെട്ട് ദുരന്തത്തില് കുട്ടികളുടെ മാതാപിതാക്കളായ ബെന്സിയും ബേബിഗിരിജയും കൊല്ലപ്പെട്ടത്. കൃഷ്ണയെയും കിഷോറിനെയും അടുത്ത വര്ഷം സ്കൂളിലയക്കാനുള്ള മാര്ഗം കണ്ടെത്തുന്നതിനിടെയായിരുന്നു ഇരുവരെയും ദുരന്തം തേടിയെത്തിയത്.