തകര്‍പ്പന്‍ ജയവുമായി ബാഴ് സലോണയുടെ തിരിച്ചുവരവ്

ലാലീഗയില്‍ ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയം. ലാ കൊറുണയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സുവാരസ് അടിച്ച് കൂട്ടിയത് നാലു ഗോളുകള്‍. ബില്‍ബാവോയ്ക്കെതിരെ ജയം നേടി അത്ലറ്റികോ മാഡ്രിഡ് ലീഗില്‍ ബാഴ്സക്കൊപ്പമെത്തി. വിയ്യാ റയലിനെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് ഇരു ടീമുകള്‍ക്കും തൊട്ടുപിന്നിലാണ്.
എല്‍ ക്ലാസികോ മുതല്‍ നേരിട്ട തിരിച്ചടികള്‍ക്കുള്ള മറുപടിയായിരുന്നു ബാര്‍സലോണയുടെ പ്രകടനം. സ്വന്തം മൈതാനത്ത് ബാഴ്സ നിറഞ്ഞ് കളിച്ചപ്പോള്‍ ജയം എതിരില്ലാത്ത എട്ട് ഗോളിനായിരുന്നു. സുവാരസ് കളം നിറഞ്ഞ് കളിച്ചു. പതിനൊന്നാം മിനിറ്റില്‍ തുടങ്ങിയ സുവാരസിന്റെ ഗോള്‍ വേട്ട 24, 53, 64 മിനിറ്റുകളിലും ആവര്‍ത്തിച്ചു. റാകിറ്റിക്, മെസി, നെയ്മര്‍, ബാര്‍ത്ര എന്നിവരും ഓരോ ഗോള്‍ വീതം നേടി.
ബില്‍ബാവോയെ നേരിട്ട അത്ലറ്റികോ മാഡ്രിഡിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. 38ആം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയ ഗോള്‍ നേടിയത്.
വിയ്യാ റയലിനെ നേരിട്ട റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയം സ്വന്തമാക്കി. കരീം ബെന്‍സേമ, വാസ്ക്വസ്, ലുക്കാ മോഡ്രിച്ച് എന്നിവരാണ് വിയ്യാ റയലിന്റെ ഗോള്‍മുഖത്തേക്ക് പന്ത് പായിച്ചത്.
ഇന്നലത്തെ ജയത്തോടെ ബാഴ്സയും അത്ലറ്റികോ മാഡ്രിഡും 79 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 78 പോയിന്റുമായി റയല്‍ മാഡ്രിഡ് ഇരു ടീമുകള്‍ക്കും തൊട്ടുപിന്നാലെ കുതിക്കുമ്പോള്‍ ലാ ലീഗയിലെ ഇനിയുള്ള മത്സങ്ങള്‍ക്ക് ആവേശം ഇരട്ടിയാകും.




