ചെങ്ങന്നൂര്‍: മണല്‍ കടത്തുന്നത്‌ അറിഞ്ഞെത്തിയ പോലീസിനെക്കണ്ട്‌, മണല്‍ കയറ്റി വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇറങ്ങിയോടി. നിയന്ത്രണം തെറ്റിയ വാഹനം പോലീസ്‌ ജീപ്പിലിടിച്ചു നിന്നു. ഇന്നലെ പുലര്‍ച്ചെ സണ്ണിക്കടവിലായിരുന്നു സംഭവം. മണല്‍ കടത്തുന്നതറിഞ്ഞ്‌ എസ്‌.ഐ: പി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വാഹനം പിടികൂടാനെത്തിയത്‌. പോലീസ്‌ എത്തിയതോടെ പെട്ടിഓട്ടോയില്‍ മണലുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. എതിരേ വന്ന പോലീസ്‌ ജീപ്പില്‍ പെട്ടിഓട്ടോ ഇടിച്ചുനില്‍ക്കുകയായിരുന്നു. പെട്ടിഓട്ടോകള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ചെങ്ങന്നൂര്‍, പുത്തന്‍കാവ്‌, തിരുവന്‍വണ്ടൂര്‍, ഇറപ്പുഴ, മിത്രപ്പുഴ കടവുകളില്‍ നിന്ന്‌ വ്യാപകമായ മണല്‍ കടത്താണ്‌ നടത്തുന്നത്‌. പെട്ടിഓട്ടോയിലും ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും മണല്‍കടത്തി സംഭരണകേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം ആവശ്യക്കാര്‍ക്ക്‌ പാസ്‌ മണല്‍ എന്ന രീതിയില്‍ വില്‍പന നടത്തുകയാണ്‌ പതിവ്‌.