ഇനി ഫൈവ് സ്റ്റാര് ബാറുകള് ഇല്ലെന്നു മുഖ്യമന്ത്രി; പുതിയ ഫൈവ് സ്റ്റാര് ലൈസന്‍സിനു കര്ശന വ്യവസ്ഥ കൊണ്ടുവരും

തിരുവനന്തപുരം: പത്തു വര്ഷംകൊണ്ട് സംസ്ഥാനത്തെ മദ്യമുക്തമാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫിന്റെ പ്രകടന പത്രിക. ഈ സര്ക്കാറിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാര് ബാറുകള്ക്കു ലൈസന്സ് അനുവദിക്കില്ലെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ മദ്യ നയത്തിലെ വ്യവസ്ഥകള് കര്ക്കശമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടം ഘട്ടമായ മദ്യ നിരോധനത്തിനാണു പ്രകടന പത്രിക ഊന്നല് നല്കുന്നത്. നിലവിലുള്ള ത്രീ സ്റ്റാര്, ഫോര് സ്റ്റാര് ബാറുകള് പുതുക്കി ഫൈവ് സ്റ്റാറാക്കി ക്ലാസിഫിക്കേഷന് നേടിയാലും ബാര് ലൈസന്സ് നല്കില്ല. ഫൈവ് സ്റ്റാര് ക്ലാസിഫിക്കേഷനു കേന്ദ്ര സര്ക്കാര് മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങള് പാലിച്ചാലും, സംസ്ഥാന സര്ക്കാര് നിര്ദേശിക്കുന്ന ചില കര്ശന വ്യവസ്ഥകള്കൂടി പാലിക്കേണ്ടിവരും. മദ്യത്തെ സംബന്ധിച്ചായിരിക്കും ഇത്. ഇത് എന്താണെന്ന കാര്യം കൂട്ടായി ചര്ച്ചചെയ്തു തീരുമാനമെടുക്കും. മദ്യ നിരോധനമെന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഈ വ്യവസ്ഥകള്.




